പ്രളയദുരന്തം: വീട് നഷ്ടപ്പെട്ടവര്‍ക്ക് 4 ലക്ഷം ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് 6 ലക്ഷം

കല്‍പ്പറ്റ: മഴക്കെടുതിയൽ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷവും വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി.

കാലവര്‍ഷക്കെടുതിയില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം, വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. എല്ലാ വകുപ്പുകളും കണക്കുകള്‍ ക്രോഡീകരിച്ച് നല്‍കിയാല്‍ എത്രയും പെട്ടെന്ന് ധനസഹായം എത്തിക്കാന്‍ കഴിയും. കേന്ദ്ര സഹായം ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ 10.20 ഓടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ മുഖ്യമന്ത്രി റോഡ് മാര്‍ഗം കല്‍പ്പറ്റയിലെത്തി. കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുറച്ചു സമയം ചെലവഴിച്ച മുഖ്യമന്ത്രി പിന്നീട് കലക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിലും പങ്കെടുത്തു.

തിരിച്ച് സുല്‍ത്താന്‍ബത്തേരിയിലേക്ക് തിരിച്ച മുഖ്യമന്ത്രി അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കോഴിക്കോടിന് പോകും. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ, റവന്യൂ വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരുമുണ്ട്. രാവിലെ ഇടുക്കി സന്ദർശനത്തിന് പോയെങ്കിലും മോശം കാലാവസ്ഥ മൂലം അവിടെ ഇറങ്ങാൻ സാധിച്ചിരുന്നില്ല.