മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; മോശം കാലാവസ്ഥ കാരണം ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല

വയനാട്: മുഖ്യമന്ത്രി പിണറായി വിജന്റെ നേതൃത്വത്തിലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും വ്യത്യസ്തമായി വയനാട്ടിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തുന്നത്. ആദ്യം ഇടുക്കിയില്‍ സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സംഘം വയനാട്ടിലേക്ക് പോയത്.

വയനാട് ബത്തേരി സെന്റ് മേരീസ് കോളെജി ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇവിടെനിന്ന് സംഘം കല്‍പ്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസക്യാംപിലേക്ക് പോകും. ശേഷം കളക്ടറേറ്റില്‍ അവലോകനയോഗം ചേരും. മുഖ്യമന്ത്രിയ്ക്ക് പുറമെ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, റവന്യൂവകപ്പ് സെക്രട്ടറി പിഎച്ച് കുര്യന്‍ എന്നിവരും സംഘത്തിലുണ്ട്.

രാവിലെ 7.45 നാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ആദ്യം കട്ടപ്പനയില്‍ ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും പ്രതികൂലകാലാവസ്ഥ കാരണം ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇടുക്കി ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇനി വയനാട്, എറണാകുളം ജില്ലകളില്‍ മാത്രമാകും സന്ദര്‍ശനം നടത്തുക.