ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്; മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. നിലവില്‍ 2401 അടിയാണ് ജലനിരപ്പ്. രാവിലെ ഇത് 2401.10 അടിയായിരുന്നു. ഇടുക്കിയിലെ വൃഷ്ടിപ്രദേശത്ത് മഴകുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് കുറയാന്‍ സഹായകമായത്. ഷട്ടർ തുറന്നതിന് ശേഷം ആദ്യമായാണ് ജലനിരപ്പ് കുറയുന്നത്. ജലനിരപ്പ് 2400 അടി ആകുന്നത് വരെ ഷട്ടറുകൾ താഴ്ത്തില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. ഷട്ടറുകള്‍ താഴ്ത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും പലയിടത്തും മഴ തുടരുന്നതിനാല്‍ ഷട്ടറുകള്‍ അടയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നത് ആശങ്കകള്‍ക്ക് നേരിയ ആശ്വാസമായി. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം 13 മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒറീസാ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണം.

കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളും നാളെ മഴ വിമുക്തമാകില്ല. എന്നാല്‍ ഇവിടങ്ങളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അല്‍പം കൂടി ഗൗരവം കുറഞ്ഞ മഴയായിരിക്കും തൃശൂര്‍, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ ലഭിക്കുക. കനത്ത മഴയെ തുടര്‍ന്ന് ഇതുവരെ സംസ്ഥാനത്ത് 29 പേരാണ് മരിച്ചത്. വിവിധ ജില്ലകളിലായി ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഇപ്പോഴും ജാഗ്രത തുടരണമെന്ന് തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെയും മുന്നറിയിപ്പ്.

പെരിയാറിന്‍റെ തീരത്തുള്ളവർ അതീവ ജാഗ്രത തുടരണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂതത്താൻകെട്ടിലും ജലനിരപ്പ് കുറയുന്നുണ്ട്. കക്കി ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പമ്പ ഡാമിലെ ഷട്ടറുകളിൽ രണ്ടെണ്ണം അടച്ചു. രണ്ടടി വരെ തുറന്ന ഷട്ടറുകൾ കാൽ അടിയായി കുറച്ചിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞതോടെ ആനത്തോട് ഡാമിന്റെ ഷട്ടർ ഒരടി തുറന്നിരുന്നത് അര അടിയാക്കി കുറച്ചു.