ഇടുക്കി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറന്നു

ചെറുതോണി: ജലപ്രവാഹം തുടരുന്ന സാഹചര്യത്തിൽ ചെറുതോണി അണക്കെട്ടിന്റെ നാഅഞ്ചു ഷട്ടറുകളും തുറന്നു.ഇതോടെ വലിയ അളവിലുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. നാല് ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാത്ത പശ്ചാത്തലത്തിലാണ് കൂടുതൽ വെള്ളം പുറത്തുവിടാനുള്ള നീക്കം. വെള്ളത്തിന്റെ അളവ് ആറ് ലക്ഷം ലിറ്ററാക്കാനാണ് ശ്രമം.

ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കിവിട്ടിരുന്നത്.ഇത് മൂന്നു ലക്ഷം ലിറ്ററാക്കിയാണ് ഉയര്‍ത്തിയത്. ഇതോടെ ചെറുതോണി ടൗണിൽ വെള്ളം കയറി. നിലവില്‍ 2401.50 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.

ഇടുക്കിയില്‍ നിന്നും വെള്ളം കൂടുതല്‍ ഒഴുക്കിവിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കിവിടുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. നിലവില്‍ പെരിയാര്‍ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.