ഇടുക്കിയിൽ നാലാമത്തെ ഷ​ട്ട​റും തുറന്നു; ജലനിരപ്പ് താഴുന്നില്ല; കനത്ത ജാഗ്രത

ഇടുക്കി: വൃഷ്ടിപ്രദേശത്ത് നിന്നും ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ നാലാമത്തെ ഷട്ടറും തുറന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നാലാമത്തെ ഷട്ടര്‍ തുറക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറന്നതോടെ സെക്കന്‍ഡില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക.

വലിയ അളവിൽ വെള്ളമെത്തുന്നതോടെ ചെറുതോണി ടൗണിലടക്കം വെള്ളം കയറുമെന്ന ആശങ്ക നിലവിലുണ്ട്. പലയിടത്തും മണ്ണിടിച്ചിൽ തുടരുകയാണ്, മരങ്ങൾ കടപുഴകി വീഴുന്നതും തുടരുന്നു. ചെറുതോണിപ്പുഴയുടെ ഓരങ്ങളിൽ താമസിച്ചവരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വെള്ളം കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.