ജലനിരപ്പ് 2401.46 അടി: ഷട്ടറുകൾ ഒരു മീറ്റർ ഉയർത്തി; ചെറുതോണി ടൗൺ വെള്ളത്തിൽ

ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ കൂടുതൽ വെള്ളം പുറത്തേക്കുവിടുന്നു. നിലവിൽ ഉയർത്തിയിരുന്ന മൂന്നു ഷട്ടറുകളും ഒരു മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ സെക്കൻഡിൽ 4,25,000 ലക്ഷം ലീറ്റർ (425 ക്യുമെക്സ്) വെള്ളം പുറത്തേക്കുപോകും. രാവിലെ ഷട്ടർ 40 സെന്റി മീറ്റർ ഉയർത്തി 1,25,000 ലക്ഷം ലീറ്റർ വെള്ളമാണ് പുറത്തേക്കു വിട്ടിരുന്നത്. പതിനൊന്നു മണിക്കുള്ള റീഡിങ് അനുസരിച്ച് 2401.46 അടിയാണു ജലനിരപ്പ്. പരമാവധി സംഭരണശേഷി 2403 അടിയാണ്. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്.

ജലനിരപ്പ് ഉയരുന്നതിനാൽ അണക്കെട്ടിൽനിന്ന് കൂടുതൽ ജലം ഒഴുക്കിക്കളയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി എം.എം.മണിയും കലക്ടറും പറഞ്ഞിരുന്നു. നിലവിൽ 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചു. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പുണ്ട്.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടർന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയൽ റൺ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.