സംസ്ഥാനത്ത് മഴക്കെടുതിയിൽ 22 പേർ മരിച്ചു; 4 പേരെ കാണാനില്ല

തിരുവന്തപുരം: ദിവസം മുഴുവന്‍ നീണ്ടു നിന്ന കനത്ത പേമാരായില്‍ മധ്യകേരളത്തിലും മലബാറിലും വ്യാപകനാശനഷ്ടങ്ങള്‍. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും വെള്ളിപ്പൊക്കത്തിലുമായി 22 പേര്‍ മരണപ്പെട്ടതായാണ് കണക്ക്. ഇടുക്കിയില്‍ 11 പേരും മലപ്പുറത്ത് ആറ് പേരും മരിച്ചു. കോഴിക്കോട് രണ്ട് പേരും വയനാട്ടില്‍ ഒരാളും മഴക്കെടുതിയില്‍ മരണപ്പെട്ടു

ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പാലങ്ങള്‍ ഒലിച്ചു പോയി, മലയോരമേഖലകളിലെ റോ‍ഡുകള്‍ പലതും ചിന്നഭിന്നമായി. നൂറോളം വീടുകള്‍ തകര്‍ന്നു, ആയിരകണക്കിന് വീടുകളില്‍ വെള്ളംകയറി. സംസ്ഥാനത്തിന്‍റെ പലഭാഗത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ ആയിരങ്ങളാണ് അഭയം പ്രാപിച്ചത്. വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുന്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നിര്‍ത്തി വച്ചിരിക്കുകയാണ്.