ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി:ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സി.എം.ഐ വൈദികന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീയുടെ പരാതി നാളെ കോടതിയില്‍ സമര്‍പ്പിക്കും. കോടതി അനുമതി നല്‍കിയാല്‍ വൈദികനെതിരെ കേസെടുക്കും. ബലാൽസംഗ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയേയും കൂട്ടരേയും അനുനയിപ്പിക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു ബിഷപ് അനുകൂലികൾ.

പ്രത്യേകിച്ചും അന്വേഷണത്തിന് കാലതാമസമുണ്ടാകുന്ന സാഹചര്യത്തിൽ. ആദ്യത്തെ കോളിളക്കം കെട്ടടങ്ങുമ്പോൾ കന്യാസ്ത്രീയും കൂട്ടരും പരാതി പിൻവലിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. എന്നാൽ അത് നടക്കില്ലെന്ന് ബാധ്യപ്പെട്ടതോടെയാണ് ഭൂമിയും പണവുമടക്കം വാഗ്ദാനങ്ങളുമായി ബിഷപ് അനുകൂലികളായ വൈദികർ കളത്തിലിറങ്ങിയത്. എന്നാൽ ഇത്തരം വാഗ്ദാനങ്ങളിൽ വീണുപോകില്ലെന്നും നിയമ പോരാട്ടം തുടരുമെന്നുമാണ് ബിഷപ്പിനെതിരെ രംഗത്തെത്തിയ കന്യാസ്ത്രീകളുടെയും കുടുംബങ്ങളുടെയും നിലപാട്.

കേസ് അട്ടിമറിക്കാൻ വൈദികൻ നടത്തിയ നീക്കം അടക്കമുളളവ പൊലീസ് പരിശോധിക്കുന്നുണ്ട്. ബിഷപ്പിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന ഓഡിയോ സംഭാഷണം കൈമാറുമെന്ന് സിസ്റ്റർ അനുപമയുടെ കുടുംബം അറിയിച്ചിരുന്നു. കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയായെന്നും ബിഷപ് അടക്കമുളളവരെ ചോദ്യം ചെയ്യാൻ അടുത്തയാഴ്ച ജലന്ധറിലേക്ക് പോകാനുമാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.