കലൈഞ്ജര്‍ക്ക് വിടചൊല്ലാനൊരുങ്ങി തമിഴകം; സംസ്കാരം മറീന ബീച്ചിൽ

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ ശവസംസ്‌കാരം വൈകിട്ട് ആറിന് മറീന ബീച്ചില്‍ നടക്കും. കരുണാനിധിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. രാജാജി ഹാളില്‍ നിന്ന് വൈകിട്ട് നാലുമണിക്കാണ് വിലാപയാത്ര ആരംഭിച്ചത്. മറീന ബീച്ചില്‍ അണ്ണാ സമാധിക്ക് പിന്നിലായിട്ടാണ് കരുണാനിധി അന്ത്യനിദ്ര പുല്‍കുക.

രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികശരീരം ഒരു നോക്കുകാണാന്‍ അണമുറിയാത്ത ജനപ്രവാഹമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു.

കലൈഞ്ജറെ ഒരുനോക്കുകാണാന്‍ കാത്തിരുന്ന് ക്ഷമകെട്ടവര്‍ ഹാളിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ജനങ്ങളുടെ ഒഴുക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ഹാളിന്റെ പ്രധാനകവാടം അടച്ചു. ഇതോടെ ആളുകള്‍ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം നടത്തി. തുടര്‍ന്ന് ഇവരെ നിയന്ത്രിക്കാനായി പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ മൈക്കിലൂടെ നിര്‍ദേശം നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ തന്നെ ചെന്നൈയിലെത്തി കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എത്തി. കേന്ദ്രപ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, കേരളാ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന്‍മാരായ രജനീകാന്ത്, ധനുഷ്, കമല്‍ഹാസന്‍ എന്നിവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ പത്തുമണി വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കരുണാനിധിയുടെ അന്ത്യവിശ്രമസ്ഥലം സംബന്ധിച്ച ആശങ്കള്‍ അവസാനിച്ചത്. മറീന ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡിഎംകെയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ഇത്. ഹര്‍ജിയെ സംസ്ഥാനസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. എന്നാല്‍ സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിയ കോടതി കരുണാനിധിയുടെ ശവസംസ്‌കാരം മറീന ബീച്ചില്‍ നടത്താന്‍ അനുമതി നല്‍കുകയായിരുന്നു.