തിരുവനന്തപുരം: ഇ.പി ജയരാജന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടര്‍ന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാല്‍ ഈ കേസില്‍ വിജിലന്‍സ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതോടെയാണ് രണ്ട് വര്‍ഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്
വെള്ളിയാഴ്ച സി.പി.എം അടിയന്തര സംസ്ഥാന സമിതി യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരും. തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗവും വിളിച്ചിട്ടുണ്ട്. അതിനിടെ ഇ.പി യെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ഇടഞ്ഞു നിന്ന സി.പി.ഐയുമായും ചര്‍ച്ച നടത്തിയേക്കും.
മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നത് ഈമാസം 17നാണ്. ഇതിന് മുമ്പുതന്നെ ജയരാജന്റെ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് കരുതുന്നത്.
ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയ മന്ത്രി എ.കെ ശശീന്ദ്രന് മന്ത്രിസഭയിലേക്ക് തിരിച്ചുവന്നതുമുതല്‍ ഇ.പിയുടെ മടങ്ങി വരവിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു.