കലൈഞ്ജര്‍ക്ക് വിടനല്‍കാനൊരുങ്ങി തമിഴകം; രാജാജി ഹാളിലേക്ക് പ്രവർത്തകർ തള്ളിക്കയറി; ഒട്ടേറെപ്പേർക്ക് പരുക്ക്

ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാൻ രാജാജി ഹാളിലേക്ക് അണികൾ തള്ളിക്കയറി. പൊലീസ് ചെറിയ തോതിൽ ലാത്തിവീശി. കലൈജ്ഞറെ കാണാൻ പുലർച്ചെ മുതൽ കാത്തിരുന്നവരാണ് അവസരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ഇരമ്പിക്കയറിയത്. ബാരിക്കേഡുകൾ തള്ളി മറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ രാജാജി ഹാളിനു മുൻവശത്തു സൃഷ്ടിക്കപ്പെട്ടതു സംഘർഷാവസ്ഥയാണ്. പേടകം പോലും തട്ടിമറിക്കുമെന്ന സ്ഥിതിയെത്തിയതോടെ പൊലീസ് ചെറുതായി ലാത്തി വീശി. എന്നിട്ടും കാര്യമായ ഫലമില്ല. അഞ്ചു വട്ടം തമിഴകം ഭരിച്ച നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കുന്ന ചടങ്ങ് അലങ്കോലമാകാതെ നോക്കാൻ പൊലീസിനും കഴിയുന്നില്ല. അതേസമയം, പൊലീസ് നോക്കുകുത്തിയായി നിൽക്കുകയാണെന്നും സർക്കാർ രാഷ്ടീയ വൈരം തീർക്കുകയാണെന്നുമാണു ഡിഎംകെ അണികളുടെ ആക്ഷേപം.

കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതൽതന്നെ പ്രവർത്തകരുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി.ദിനകരൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അർപ്പിച്ചു.