തൊടുപുഴ കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിൽ

തൊടുപുഴ: വണ്ണപ്പുറം കൂട്ടക്കൊലക്കേസിലെ പ്രധാന പ്രതി അനീഷ് പിടിയിൽ. എറണാകുളം നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് ഇയാളെ അന്വേഷണസംഘം പിടികൂടിയത്. മന്ത്രസിദ്ധി കൈക്കലാക്കുന്നതിനു നടത്തിയ കൊലപാതകം ആസൂത്രണം ചെയ്തത് അനീഷാണെന്നു പൊലീസ് പറയുന്നു. കൃത്യം നടത്തിയ ശേഷം പ്രതികൾ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതദേഹങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

അന്വേഷണം ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു. ഇതോടെ ഒളിവിൽ പോയ അനീഷിനായി പൊലീസ് നടത്തിയ തിരച്ചിലിൽ ആണ് പ്രതി പിടിയിലായത്. ഇരുവരും ചേർന്നാണ് കൃത്യം നടത്തിയതെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.

കൂട്ടക്കൊലയിലെ പ്രതികളെ കണ്ടെത്തുന്നതിനായി മലപ്പുറത്തുനിന്ന് എത്തിച്ച സ്പെക്ട്ര സംവിധാനം ഉപയോഗിച്ചുള്ള ഫോൺ കോളുകളുടെ പരിശോധനയിലാണു മുഖ്യപ്രതി കുടുങ്ങിയത്. ഒരേ ടവറിനു കീഴിൽ വിവിധ മൊബൈൽ സേവനദാതാക്കളുടെ കോളുകൾ പരിശോധിക്കാൻ സ്പെക്ട്ര വഴി സാധിക്കും. മന്ത്രവാദത്തോടനുബന്ധിച്ച സാമ്പത്തിക ഇടപാടുകൾക്കു പുറമേ കൃഷ്ണനു വിഗ്രഹക്കടത്തു സംഘങ്ങളുമായും ബന്ധമുണ്ടെന്നാണു വിവരം.

തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരെ കൊന്നു വീടിനോടു ചേർന്ന ചാണകക്കുഴിയിൽ കുഴിച്ചുമൂടിയ നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണു കണ്ടെത്തിയത്. കൃഷ്ണന്റെ മകന്റെ മൃതദേഹത്തിലാണു കൂടുതൽ മുറിവുകൾ. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു നിർണായകമായതെന്നും സൂചനയുണ്ട്.