ചെന്നൈ: ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ. മറീനയില്‍ സംസ്കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളി.
അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധി അന്ത്യവിശ്രമം ഒരുക്കുക. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. വിധിയറിഞ്ഞ് കരുണാനിധിയുടെ മകനും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ സ്റ്റാലിന് വിതുമ്പിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
Karunanidhiകരുണാനിധിയുടെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്ക്കരിക്കാന്‍ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി വന്നപ്പോള്‍ വികാരാധീനനായി കരയുന്ന മകന് എം.കെ. സ്റ്റാലിന്. ഫോട്ടോ: എ.എന്‍.ഐ
സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനാ ബീച്ചില്‍ സംസ്കാരത്തിന് സ്ഥലം നല്‍കുകയുള്ളു എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കില്ലെന്നാണ് വിവരങ്ങള്‍.
ചൊവ്വാഴ്ച രാത്രിമുല്തന്നെ മറീനാ ബീച്ചിന്റെ പേരില്‍ രാഷ്ട്രീയ വിവാദം തുടങ്ങിയിരുന്നു. ബുധനാഴ്ച രാവിലെ എട്ടിന് കോടതി ചേര്‍ന്നപ്പോള്‍ മുതല്‍ വാദം തുടങ്ങി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രന്റെ മൃതദേഹം മറീനാ ബീച്ചില്‍ സംസ്കരിക്കാന്‍ കരുണാനിധിയുടെ കാലത്ത് അനുവദിച്ചിരുന്നില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.