ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ 600 ഭീകരർ; പാകിസ്താന്‍ സൈന്യത്തിന്റെ സജീവ പിന്തുണ

ഡല്‍ഹി: അറുനൂറോളം ഭീകരവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിയന്ത്രണരേഖയ്ക്കു സമീപം വിവിധയിടങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്. പാക് സൈന്യത്തിന്‍റെ പിന്തുണ ഇവർക്കുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ മാധ്യമമായ സീ ന്യൂസാണ് ഐബിയുടെ മുന്നറിയിപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ഫോഴ്സിലെ അംഗങ്ങളാണ് ഭീകരർക്ക് പിന്തുണ നൽകുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. കൂടാതെ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നവരില്‍ പാക് സൈന്യത്തിലെ അംഗങ്ങളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് അധീന കാഷ്മീരിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയതിനു ശേഷം ഇതാദ്യമായാണ് ഇത്രയും ഭീകരർ‌ നുഴഞ്ഞുകയറ്റ ശ്രമവുമായെത്തുന്നത്.

മഛില്‍ സെക്ടര്‍- 96 പേര്‍, കേരാന്‍ സെക്ടര്‍- 117 പേര്‍, ടാങ്ധര്‍ സെക്ടര്‍- 79 പേര്‍ എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഭീകരവാദികളുടെ സാന്നിധ്യത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. ഈ വർഷം ജൂലൈ 22 വരെ 110 ഭീകരരെ സൈന്യം വധിച്ചെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍റെ കണക്ക്. 2017-ൽ 213, 2016-ൽ 150, 2015-ൽ 108 എന്നിങ്ങനെയാണ് കണക്ക്.