ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി

ബീജിങ്: ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യൻ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ പുറത്തായി. ക്വാര്‍ട്ടറില്‍ സ്‌പെയിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് സൈന പുറത്തായത്. സ്‌കോര്‍ 21-6, 21-11. വനിതാ സിംഗിള്‍സില്‍ ഇനി സിന്ധുവും പുരുഷ സിംഗിള്‍സില്‍ സായ് പ്രണീതുമാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

ഏകപക്ഷീയമായി മാറിയ മത്സരത്തില്‍ സൈനയെ നിഷ്പ്രഭമാക്കിയായിരുന്നു മരിന്റെ വിജയം. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഫോമിലേക്ക് ഉയരാനോ എതിരാളിക്ക് വെല്ലുവിളി സൃഷ്ടിക്കാ നോസൈനയ്ക്ക് സാധിച്ചില്ല. ആദ്യ സെറ്റില്‍ തകര്‍ത്ത് മുന്നേറിയ മരിന്‍ ഒരു ഘട്ടത്തില്‍ വെറും രണ്ട് പോയിന്റില്‍ ഒതുക്കുമെന്ന് തോന്നി. മരിന്‍ 16 പോയിന്റുകള്‍ നേടിയ ശേഷമാണ് സൈനയുടെ പോയിന്റ് രണ്ടില്‍ നിന്നും ഉയരുന്നത്. ഒടുവില്‍ വെറും 12 മിനിട്ടില്‍ 21-6 ന് ആദ്യ സെറ്റ് അനായാസം മരിന്‍ സ്വന്തമാക്കി.

രണ്ടാം ഗെയിമിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. രണ്ടക്കം കടക്കാനായി എന്നതാണ് സൈനയുടെ നേട്ടം. 2-1 ന് സൈന തുടങ്ങിയെങ്കിലും സമനില പിടിച്ച് തിരിച്ചടിച്ച മരിന്‍ മുന്നേറി. ഒരുഘട്ടത്തില്‍ 8-10 എന്ന നിലയില്‍ സൈന എത്തിയപ്പോള്‍ അല്‍പം പ്രതീക്ഷ കൈവന്നു. എന്നാല്‍ ഇടവേളയ്ക്ക് പിരിയുമ്പോള്‍ മരിന്‍ 11-8 ന് മുന്നിലായിരുന്നു. പിന്നീട് വെറും മൂന്ന് പോയിന്റുകള്‍ മാത്രാണ് സൈനയ്ക്ക് നേടാനായത്. 19 മിനിട്ടില്‍ രണ്ടാം ഗെയിം അവസാനിച്ചു.