കൊളീജിയം ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു; കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും

ഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന കൊളീജിയത്തിന്‍റെ ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. നേരത്തേ, കൊളീജിയം ശിപാര്‍ശ കേന്ദ്രസർക്കാർ തിരിച്ചയച്ചിരുന്നു. നേരത്തെ അദ്ദേഹത്തിന്‍റെ നിയമനം വൈകുന്നതിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.

ജോസഫിനൊപ്പം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിനീത് ശരണ്‍ എന്നിവരും സുപ്രീംകോടതി ജഡ്ജിമാരാകും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, ജഡ്ജിമാരായ രഞ്ജൻ ഗൊഗോയ്, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ്, എ.കെ. സിക്രി എന്നിവരുമുൾപ്പെട്ട കൊളീജിയമാണ് ഇവരെ ശുപാർശ ചെയ്തിരുന്നത്.

ജസ്റ്റീസ് ജോസഫിന്‍റെ പേര് പ്രത്യേകമായാണു ശുപാർശ ചെയ്തിരുന്നത്. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയെ ചീഫ് ജസ്റ്റീസായി നിയമിക്കണമെന്നും പാട്ന ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസാക്കണമെന്നും ശുപാർശയുണ്ടായിരുന്നു. മുൻപ് രണ്ടു തവണയാണ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം ശിപാർശ ചെയ്തത്.

മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ.എം.ജോസഫിനേയും നിയമിക്കണമെന്ന് ജനുവരി 10നാണ് ആദ്യമായി ശിപാർശ നൽകിയത്. എന്നാല്‍, കേന്ദ്രം ജോസഫിന്‍റെ പേര് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് ജൂലൈ 16ന് കൊളീജിയം യോഗം ചേര്‍ന്ന് ജോസഫിനെ ജഡ്ജിയാക്കാന്‍ വീണ്ടും ശിപാര്‍ശ നല്‍കുകയായിരുന്നു.