രാഹുല്‍ ഗാന്ധി അടുത്തമാസം കോണ്‍ഗ്രസ് അധ്യക്ഷനാകും

New Delhi : Congress Party Vice President Rahul Gandhi at a meeting with members of the Fishermens' Congress in New Delhi on Wednesday. PTI Photo by Shirish Shete(PTI9_6_2017_000091A)

രാഹുല്‍ ഗാന്ധി അടുത്തമാസം ആദ്യവാരം കോണ്‍ഗ്രസ് അധ്യക്ഷനാകും. അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടിക്ക് തിങ്കളാഴ്ച തുടക്കമാകും. പ്രവര്‍ത്തകസമിതി തിങ്കളാഴ്ച ചേര്‍ന്ന് സമയക്രമം നിശ്ചയിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചാരണത്തിരക്കിലാണ് രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ അംഗീകരിച്ചു തുടങ്ങിയതായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗുജറാത്തില്‍ റാലികളിലെ വര്‍ധിച്ചുവരുന്ന ജനസാന്നിധ്യം ഇതിനു തെളിവാണെന്നും ബിജെപി തിരിച്ചടി നേരിടുകയാണെന്നും പവാര്‍ പറഞ്ഞു.

ജിഎസ്ടിയുടെ പരമാവധി നിരക്കു 18 ശതമാനമാക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിക്കെതിരെ സംസ്ഥാനത്ത് ഉരുണ്ടുകൂടിയിരിക്കുന്ന പ്രതിഷേധത്തെ ആളിക്കത്തിച്ച് വോട്ടാക്കാനാണു കോണ്‍ഗ്രസിന്റെ കരുനീക്കം. പാര്‍ലമെന്റിനു കഴിയാത്തതു ഗുജറാത്തിലെ തിരഞ്ഞെടുപ്പിനു സാധിച്ചെന്നും അതിനാല്‍ ഗുജറാത്തിനു നന്ദി പറയുന്നുവെന്നും കഴിഞ്ഞ ദിവസമാണു മുന്‍ ധനകാര്യമന്ത്രി പി.ചിദംബരം പ്രതികരിച്ചിരുന്നത്. ജിഎസ്ടി ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ടതിനു പിറ്റേന്ന്, ഉത്തര ഗുജറാത്തില്‍ മൂന്നു ദിവസത്തെ പര്യടനം ആരംഭിച്ച രാഹുല്‍ ജിഎസ്ടിയെ തുടര്‍ന്നും രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണു ശ്രമിക്കുന്നത്.

‘ദേശീയ തൊഴിലുറപ്പു പദ്ധതിക്കു യുപിഎ സര്‍ക്കാര്‍ 35,000 കോടിയാണു നല്‍കിയത്. അതേസമയം, മോദി 35,000 കോടി നല്‍കിയതാകട്ടെ, ടാറ്റയുടെ നാനോ പദ്ധതിക്കും. നാനോയ്ക്കു വേണ്ടി മോദി സര്‍ക്കാര്‍ കൃഷിസ്ഥലങ്ങള്‍ പിടിച്ചെടുത്തു. അഞ്ചുപത്തു മുതലാളിമാര്‍ക്കു വേണ്ടിയാണ് ഈ സര്‍ക്കാര്‍. ഗബ്ബര്‍ സിങ് ടാക്‌സിനെ യഥാര്‍ഥ ജിഎസ്ടിയാക്കുന്നതു വരെ കോണ്‍ഗ്രസിനു വിശ്രമമില്ല’- രാഹുല്‍ പ്രചാരണ യോഗങ്ങളില്‍ പറഞ്ഞു.