കലൈജ്ഞരുടെ ആരോഗ്യം മെച്ചപ്പെട്ടു; കാവേരി ആശുപത്രിക്കു മുന്നിൽ തിരക്കൊഴിയുന്നു

ചെന്നൈ: ഡിഎംകെ വർക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എം.കെ.സ്റ്റാലിന്‍ രണ്ടു ദിനം ആവർത്തിച്ചു നടത്തിയ അഭ്യർഥനകൾ ഒടുവിൽ ആശുപത്രിക്കു മുന്നിൽ തിരക്കൊഴിയുന്നു. കലൈജ്ഞരുടെ ആരോഗ്യം മെച്ചപ്പെടുകയാണ്. ആശങ്ക വേണ്ട. ദയവായി എല്ലാവരും പിരിഞ്ഞുപോകണം എന്നായിരുന്നു സ്റ്റാലിന്റെ അഭ്യർത്ഥന. കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതിനു പിന്നാലെ ആയിരകണക്കിന് ഡിഎംകെ അണികളാണ് ആശുപത്രിക്ക് മുന്നിൽ തടിച്ചു കൂടിയത്.

അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനുത്പെടെ വിവിഐപികളുടെ ആശുപത്രി സന്ദർശനം തുടരുകയാണ്. ചൊവ്വാഴ്ച വൈകിട്ടു കരുണാനിധിയുടെ ചിത്രം പുറത്തു വന്നതോടെയാണു പാർട്ടി അണികളിൽ ആശങ്ക തെല്ലൊഴിഞ്ഞത്. അതിനുശേഷം പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനും ആരോഗ്യനില മെച്ചപ്പെട്ടുവെന്നു തന്നെയാണു സൂചിപ്പിച്ചത്.

പ്രായാധിക്യം മൂലം പൊതുവായ ആരോഗ്യ‌നില മോശമാണെന്നും കരളിന്റെ പ്രവർത്തനത്തിൽ വ്യതിയാനമുണ്ടെന്നും വ്യക്തമാക്കിയ ആശുപത്രി അധികൃതർ ആശുപത്രിവാസം നീളുമെന്നും അറിയിച്ചിരുന്നു. അതോടെയാണു പ്രവർത്തകർ പിരിഞ്ഞു തുടങ്ങിയത്. പ്രവർത്തകർ സമാധാനമായി പിരിഞ്ഞുപോകണമെന്നു രാത്രിയിലും സ്റ്റാലിൻ അഭ്യർഥിച്ചിരുന്നു.