ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സൈന മൂന്നാം റൗണ്ടിൽ

നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ടാം ദിവസവും മുന്നേറ്റം. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒരാളായ സൈന നേവാൾ വനിതാ സിംഗിൾസിൽ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ വിഭാഗത്തിൽ കെ.ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്.

വനിതാ സിംഗിൾസിൽ പത്താം സീഡായ സൈന തുർക്കിയുടെ അലിയെ ഡെമിർബാഗിനെയാണ് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചത്. സ്കോർ: 21-17, 21-8. ഏറെക്കുറേ ഏകപക്ഷീയമായ മത്സരം 39 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്.

ഒന്നാം റൗണ്ടിൽ സൈനയ്ക്ക് ബൈ ലഭിക്കുകയായിരുന്നു. മൂന്നാം റൗണ്ടിൽ നാലാം സീഡ് തായ്​ലൻഡിന്റെ രത്ചനോക്ക് ഇന്തനോനാണ് സൈനയുടെ എതിരാളി.

പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ കെ.ശ്രീകാന്ത് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഒന്നാം റൗണ്ടിൽ അയർലൻഡിന്റെ എൻഹാറ്റ് എൻഗ്യുയെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് അഞ്ചാം സീഡായ ശ്രീകാന്ത് തോൽപിച്ചത്. സ്കോർ: 21-15, 21-16. രണ്ടാം റൗണ്ടിൽ സ്പെയിനിന്റെ പാബ്ലോ അബിയാനാണ് ശ്രീകാന്തിന്റെ എതിരാളി.

പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ താരമായ ബി.സായ് പ്രണീതും രണ്ടാം റൗണ്ടിൽ പ്രവേശിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ സോൻ വാൻ ഹോ മത്സരത്തിനിടെ പിൻമാറിയാണ് സായി പ്രണീതിന് ഗുണകരമായത്. രണ്ടാം റൗണ്ടിൽ സ്പെയിനിന്റെ ലൂയിസ് എൻ​റിക്ക് പെനൽവറാണ് സായി പ്രണീതിന്റെ എതിരാളി.