വാട്സാപ്പിലൂടെ പണമിടപാട് ഉടൻ എത്തും; സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുന്നെന്ന് സക്കർബർഗ്

ഡൽഹി: വാട്സാപ്പിലൂടെ പണമിടപാട് നടത്താനുള്ള ‘പേയ്മെന്റ്’ സേവനം ഇന്ത്യയിൽ ഉടൻ എത്തും. സർക്കാരിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണെന്ന് വാട്സാപ്പിന്റെ മാതൃസ്ഥാപനമായ ഫേസ്ബുക് സി.ഇ.ഓ സക്കർബർഗ് പറഞ്ഞു. സേവനം മറ്റുരാജ്യങ്ങളിലേക്കു വികസിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ഇന്ത്യയിൽ കുറച്ചു മാസങ്ങളായി തിരഞ്ഞെടുത്ത ഉപയോക്താക്കളിൽ ഈ സൗകര്യം പരീക്ഷിച്ചുവരികയാണ്. സർക്കാരിന്റെ സമ്മതം ലഭിച്ചാൽ ഇതു വിപണിയിൽ ഇറക്കാനാണു വാട്സാപ്പിന്റെ പദ്ധതി.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.