കുഞ്ഞു ജീവനായി കണ്ണൂർ മുതൽ തിരുവനന്തപുരം വരെ ആംബുലൻസ് ഡ്രൈവറും ജനങ്ങളും

കണ്ണൂര്‍: സൂപ്പര്‍ ഹിറ്റ് സിനിമയായ ട്രാഫിക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് കേരളം വീണ്ടും രാജ്യത്തെ ഞെട്ടിച്ചു. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് ഗുരുതരാവസ്ഥയിലുള്ള ഒരു മാസം പ്രായമുള്ള കുഞ്ഞുമായി ആംബുലന്‍സ്‌ ചീറിപ്പാഞ്ഞത്. 540 കിലോമീറ്ററാണ് കണ്ണൂര്‍ ജില്ലയിലെ പരിയാരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. കാര്യമായ ട്രാഫിക്കില്‍ പെടാതെ വാഹനത്തില്‍ സാധാരണ കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്താന്‍ 10 മണിക്കൂര്‍ എടുക്കും. ട്രാഫിക്കില്‍ പെട്ടാല്‍ ഇത് 14 മണിക്കൂര്‍ വരെ നീളും. ഇതാണ് കേവലം ആറു മണിക്കൂറും 40 മിനിറ്റും കൊണ്ട് പിന്നിട്ടത്.

ബുധനാഴ്ച രാത്രിയിലാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലായിരുന്ന ഫാത്തിമയെന്ന കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഹൃദയത്തിന് ഗുരുതരമായ അസുഖം പിടിപെട്ട കുഞ്ഞിന് ശസ്ത്രക്രിയ അനിവാര്യമായതിനെ തുടര്‍ന്നു തിരുവനന്തപുരത്തേക്ക് കൊണ്ടുപോവേണ്ടി വരികയായിരുന്നു. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് കുഞ്ഞിന്റെ ശസ്ത്രക്രിയ തീരുമാനിച്ചത്.