ഔദ്യോഗിക ഫലം പുറത്ത്; പാകിസ്താനില്‍ ഇമ്രാന്‍ ഖാന്‍ തന്നെ

ഇസ്ലാമാബാദ്:പാക്കിസ്ഥാന്‍ പൊതുതെര‍ഞ്ഞെടുപ്പിന്‍റെ ഔദ്യോഗിക ഫലം പുറത്ത്. 270 ല്‍ 251 സീറ്റുകളുടെ ഫലം പുറത്ത്.110 സീറ്റുകളുമായി ഇമ്രാൻഖാന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി. 19 സീറ്റുകളുടെ ഫലം വൈകുകയാണ്. 110 സീറ്റുകൾ ഇമ്രാൻ ഖാന്‍റെ തെഹരിക് ഇ ഇൻസാഫ് നേടി. അടുത്ത സർക്കാരിനെക്കുറിച്ച് വ്യക്തത വന്ന ശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് ഇന്ത്യ.

വിജയം അവകാശപ്പെട്ടും ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ചും ഇമ്രാൻ വാർത്താസമ്മേളനം നടത്തി ഒരു ദിവസം പിന്നിട്ടു. എന്നാല്‍ എല്ലാ സീറ്റിലെയും ഫലം വന്നില്ല. പക്ഷേ 110 സീറ്റുമായി ഇമ്രാൻ പ്രധാനമന്ത്രിയാകും എന്നുറപ്പാണ്. 19 സീറ്റുകളുടെ ഫലം മാത്രം ബാക്കിയുള്ളപ്പോൾ ഇമ്രാന് സ‍ർക്കാർ രൂപീകരണത്തിന് സ്വതന്ത്രരുടെ പിന്തുണ അനിവാര്യമാകുകയാണ്.

പഞ്ചാബ് പ്രവിശ്യാ അസംബ്ളിയിലും ആർക്കും ഭൂരിപക്ഷമില്ല. 295-ൽ 127 സീറ്റ് മുസ്ലിം ലീഗിനും 118 സീറ്റ് പിടിഐയും നേടി. കവർച്ച എന്നാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫലത്തെ വിശേഷിപ്പിച്ചത്. വൻകൃത്രിമം നടന്നു. വൻ ക്രമക്കേടെന്ന് ബിലാവൽ ഭൂട്ടോയും ആരോപിച്ചു. വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫലത്തോട് പ്രതികരിച്ചിട്ടില്ല. കാര്യങ്ങൾ വ്യക്തമാകട്ടെ എന്നാണ് ഇന്ത്യയുടെ നിലപാട്. ചർച്ച നടക്കാനുള്ള ഒരു വിട്ടുവീഴ്ചയും ഇമ്രാനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയാണ് ഇന്നലത്തെ വാർത്താസമ്മേളനമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.