മികച്ച ഭരണം: കേരളത്തിന് ദേശീയ പുരസ്കാരം

ഭരണരംഗത്തെ നേട്ടങ്ങള്‍ക്ക് കേരളത്തിന് ഇന്ത്യാ ടുഡെയുടെ ദേശീയ പുരസ്‌കാരം. ഡല്‍ഹി ഗ്രാന്‍ഡ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കേരളത്തിനു വേണ്ടി ബഹുമതി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരി നിന്ന് ഏറ്റുവാങ്ങി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, അധികാര വികേന്ദ്രീകരണം, മികച്ച ഇ സേവനങ്ങള്‍, ഏറ്റവും മികച്ച ഡിജിറ്റല്‍ സേവനങ്ങള്‍, നാലുലക്ഷത്തില്‍പരം ആളുകള്‍ക്ക് വീട്, ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം തുടങ്ങിയവയാണു കേരളത്തിനു ബഹുമതിക്ക് വഴിയൊരുക്കിയ നേട്ടങ്ങളുടെ പട്ടികയിലുള്ളത്. മൊത്തത്തിലുളള പ്രവര്‍ത്തനത്തിന് ഹിമാചല്‍ പ്രദേശിനാണ് ബിഗ്സ്റ്റേറ്റ് പുരസ്‌കാരം.

വികസന പന്ഥാവിലൂടെ സംസ്ഥാനം നവകേരള സൃഷ്ടിയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പ്രഥമ പ്രഭാഷണം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളാണ് അതിന്റെ നേട്ടത്തിനു കാരണക്കാര്‍. ലോകത്തിലെ തന്നെ ഏറ്റവും കഴിവുറ്റ ഈ ജനതയ്ക്കു സമഭാവനയുടെ, സമത്വത്തിന്റെ പാത വെട്ടിത്തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്
എല്ലാവര്‍ക്കും വിദ്യാഭ്യാസം, ഭവനം, ആരോഗ്യം, ഭക്ഷണം, ആധുനിക വിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിനൊപ്പം കഴിവുകളും അവസരങ്ങളും പ്രയോജനപ്പെടുത്തി മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. പൊതുസേവനങ്ങളുടെ ഏറ്റവും ഉയര്‍ന്ന നിലവാരം ജനങ്ങള്‍ക്ക് ഉറപ്പുവരുത്തും. വികസനത്തിന്റെ രാഷ്ട്രീയം കാത്തുസൂക്ഷിക്കും.
തന്റെ ജീവിതകഥ ഒരു പേപ്പറില്‍ മാത്രം ഒതുങ്ങുന്നതല്ല, അത് ജനങ്ങളും പാര്‍ട്ടിയും സംസ്ഥാനവും ചേരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനമാണു കേരളം. എല്ലാക്കാലത്തും എല്ലാരംഗത്തും കേരളം ഉയര്‍ന്ന നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഉയര്‍ന്ന ജീവിത നിലവാരം, സ്ത്രീ പുരുഷ അനുപാതം, ആയുര്‍ദൈര്‍ഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഉത്തരവാദിത്വ ബോധത്തോടെയുളള ഒരു ദൈനംദിന ഭരണ സംവിധാനമാണ് സര്‍ക്കാര്‍ 48 മണിക്കൂര്‍ ചെലവു രഹിത അപകട ചികിത്സ സൗകര്യം നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണു കേരളമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.