ദുരിതബാധിത മേഖലയില്‍ ജല ആംബുലന്‍സ് സര്‍വീസ് ഇന്നുമുതല്‍

ആലപ്പുഴ: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതത്തിലായ മേഖലകളില്‍ ഇന്നുമുതല്‍ ജല ആംബുലന്‍സ് സര്‍വീസ് ലഭ്യമാകും. ദേശീയ ആരോഗ്യദൗത്യം, സംസ്ഥാന ജലഗതാഗതവകുപ്പ് എന്നിവയുടെ സംയുക്ത സംരംഭമായി ആലപ്പുഴയിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലയില്‍ അടിയന്തര വൈദ്യസഹായത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടി ജല ആംബുലന്‍സ് ക്രമീകരിക്കുന്നത്.

അടിയന്തിര ആംബുലന്‍സ് സേവനം ആവശ്യമുള്ളവര്‍ക്ക് 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ജല ആംബുലന്‍സ് എത്തും. അതേസമയം ചട്ടങ്ങളുടെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ വൈകരുതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കളക്ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു നിര്‍ദേശം. നേവിയുടെ റസ്‌ക്യു ബോട്ടുകള്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കുടിവെള്ളം ആവശ്യമായ കേന്ദ്രത്തില്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്. സപ്ലൈകോ 7ലോഡ് അരികൂടി ഇന്ന് വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യും. കൃഷിമന്ത്രി ഇന്ന് ഉച്ചകഴിഞ്ഞ് തലവടി, എടത്വാ തകഴി, പുറക്കാട് പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തും.

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്താനും നിര്‍ദേശമുണ്ട്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിലായി 250ക്യാമ്പുകളിലായി അന്പതിനായിരത്തോളം പേരാണുള്ളത്. ദുരിത ബാധിത മേഖലയില്‍ അടിയന്തര സഹായം ആവശ്യമുള്ള രോഗികളെ ആശുപത്രിയിലേക്ക് മാറ്റുതിനായാണ് ജല ആംബുലന്‍സ് സജ്ജമാക്കുന്നത്.