അവാർഡ് നിശയിൽ മോഹന്‍ലാലിനെ ഒഴിവാക്കണം: മുഖ്യമന്ത്രിക്ക് 107 പേർ ഒപ്പിട്ട നിവേദനം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരച്ചടങ്ങിൽ നടൻ മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് 107 പേർ ഒപ്പിട്ട നിവേദനം. ചലച്ചിത്ര പ്രവർത്തകരടക്കം ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയനു നൽകി. നടൻ പ്രകാശ് രാജ്, സാഹിത്യകാരൻ എൻ.എസ്.മാധവൻ എന്നിവരും ഒപ്പിട്ടിട്ടുണ്ട്. പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെയാണ് ആദ്യം രംഗത്തെത്തിയത്.

നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട ദിലീപിനെ താരസംഘടനയായ ‘അമ്മ’യിലേക്കു തിരിച്ചെടുത്തതിലെ പ്രതിഷേധമാണു മോഹൻലാലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യത്തിനു പിന്നിൽ. ദിലീപിനെ തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹൻലാലിനെ ഇടതു സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നതു സംവിധായകനും ജൂറി അംഗവുമായ ഡോ. ബിജു ചോദ്യം ചെയ്തിരുന്നു. ചടങ്ങിന്റെ ഗ്ലാമര്‍ കൂട്ടാന്‍ സൂപ്പര്‍താരം വേണമെന്ന നിലപാടു ശരിയല്ല. അങ്ങനെയെങ്കില്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്നും ഡോ. ബിജു വ്യക്തമാക്കി.

പുരസ്കാരദാനച്ചടങ്ങില്‍ അവാര്‍ഡ് നേടിയവര്‍ക്കും അതു നല്‍കുന്ന മുഖ്യമന്ത്രിക്കുമായിരിക്കണം പ്രാധാന്യമെന്ന് ചലച്ചിത്ര നിരൂപകൻ വി.കെ.ജോസഫ് പറഞ്ഞു. സർക്കാർ നിലപാടിൽ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കും അതൃപ്തിയുണ്ട്. നടിക്കൊപ്പം എന്നു പറയുമ്പോഴും ദിലീപിന് അനുകൂലമായി സംസാരിക്കുന്ന ഇടതു എംഎൽഎമാരെ സിപിഎം പൂർണമായും തള്ളിയിരുന്നില്ല. സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങ് കൊല്ലത്തു സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീടാണ് വേദി തിരുവനന്തപുരത്തേക്കു മാറ്റിയത്. അടുത്തമാസം എട്ടിന് നിശാഗന്ധിയിലാണ് അവാര്‍ഡ് നിശ.