പ്രത്യേക കോടതിയാകാം: ഹൈക്കോടതിയിൽ നടിയെ അനുകൂലിച്ച് സർക്കാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് പിന്തുണയുമായി സര്‍ക്കാര്‍. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം. കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതി വേണമെന്നും വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

ഇതേ ആവശ്യം ഉന്നയിച്ചുള്ള നടിയുടെ ഹർജ്ജി വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഭരണപരമായ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടിയുടെ ആവശ്യം മുമ്പ് തള്ളിയത്.എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ല. ഈ സാഹചര്യത്തില്‍ വിചാരണയ്ക്കു വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു നടിയുടെ ആവശ്യം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.

സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. വിചാരണ തടസപ്പെടുത്താനാണ് ദിലീപ് ഇത്തരം ഹര്‍ജിളുമായി വരുന്നതെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രതിക്ക് തീരുമാനിക്കാനാവില്ലെന്നുമായിരുന്നു സര്‍ക്കാര്‍ മുമ്പ് ഇക്കാര്യത്തില്‍ നിലപാടെടുത്തത്.