ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച ഭീഷണി; കുറവിലങ്ങാടെ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്തി

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനം. ബിഷപ്പില്‍ നിന്ന് കന്യാസ്ത്രീക്ക് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ. രഹസ്യാന്വേഷണ വിഭാഗമാണ് കന്യാസ്ത്രീക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന്‌ റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി മാധ്യമങ്ങളില്‍ ഈ വിഷയത്തില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിശ്വാസികള്‍ രംഗത്തെത്തി. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

അതേസമയം അന്വേഷണ സംഘം ബെംഗളൂരുവില്‍ എത്തി മുന്‍പ് ജലന്ധര്‍ രൂപതയില്‍ പ്രവര്‍ത്തിച്ചിരുന്ന കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയാണ്. ജലന്ധര്‍ ബിഷപ്പ് കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ എത്തി എന്നാണ് അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം.

പതിനെട്ടോളം കന്യാസ്ത്രീകള്‍ തിരുവസത്രം ഉപേക്ഷിച്ച് മഠത്തില്‍ നിന്ന് പുറത്ത് വന്നു എന്നാണ് നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഇവര്‍ ഏത് സാഹചര്യത്തിലാണ് തിരുവസ്ത്രം ഉപേക്ഷിച്ചത് എന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അടുത്ത് നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടോ, ഇതിനെ തുടര്‍ന്നാണോ ഇവര്‍ തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നത് എന്നും പോലീസ് അന്വേഷണത്തിലുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് ബിഷപ്പിന് എതിരായി മൊഴിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.