സർവകക്ഷി സംഘത്തിൽ അല്‍ഫോണ്‍സ് കണ്ണന്താനം ഇല്ല: അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനത്തെ ഒപ്പം കൂട്ടാതെ തന്നെ കാണാൻ എത്തിയ കേരളത്തിൽ നിന്നുള്ള സർവകക്ഷി സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങി കേരളത്തിലെ എല്ലാ പാർട്ടികളുടെയും പ്രതിനിധികൾ സർവകക്ഷി സംഘത്തിലുണ്ടായിരുന്നു. ബിജെപിയെ പ്രതിനിധീകരിച്ച് എ.എൻ.രാധാകൃഷ്ണനായിരുന്നു സംഘത്തൊടൊപ്പം പോയത്. എന്നാൽ കേരളത്തിൽ നിന്നുള്ള ഏക കേന്ദ്രമന്ത്രിയായ അൽഫോണ്‍സ് കണ്ണന്താനത്തെ കൂട്ടാതെ തന്നെ കാണാൻ സർവകകക്ഷി സംഘം വന്നതിലെ അനിഷ്ടം പ്രധാനമന്ത്രി പരസ്യമാക്കുകയായിരുന്നു.

സർവകക്ഷി സംഘത്തിന്‍റെ സന്ദർശനം കേന്ദ്ര സർക്കാർ രാഷ്ട്രീയമായാണ് കണ്ടതെന്ന സൂചനയാണ് ഇതോടെ പുറത്തുവരുന്നത്. കേരളം ഉന്നയിച്ച ഒരു വിഷയത്തിലും പ്രധാനമന്ത്രി അനുകൂലമായ പ്രതികരണം നടത്തിയില്ല എന്നതും ശ്രദ്ധേയമാണ്. പണം നൽകിയിട്ടും കേരളം പൂർത്തിയാക്കാത്ത കേന്ദ്ര പദ്ധതികളുടെ പട്ടികയുമായാണ് പ്രധാനമന്ത്രി യോഗത്തിനെത്തിയത്. മുഖ്യമന്ത്രിയും സംഘവും ഉന്നയിച്ച ഓരോ ആവശ്യങ്ങളെയും പ്രധാനമന്ത്രി നേരിട്ടതും പൂർത്തിയാകാത്ത പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു.

പൊതുഭക്ഷ്യ ഭദ്രത നിയമത്തിന്‍റെ സാഹചര്യത്തിൽ നിന്നും കേരളത്തെ രക്ഷിക്കണമെന്നുള്ളതായിരുന്നു സർവകക്ഷി സംഘത്തിന്‍റെ പ്രധാന ആവശ്യം. എന്നാൽ ഈ ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇനിയുണ്ടാകില്ലെന്ന സൂചനയും പ്രധാനമന്ത്രി സർവകക്ഷി സംഘത്തിന് നൽകി. 2012-ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇതെന്നും ഇത്രയും വൈകിയതിന് കാരണം അന്നത്തെ സർക്കാരാണെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

ശബലിമല റെയിൽപ്പാത വിഷയത്തിലും സംസ്ഥാന സർക്കാരിനെയാണ് പ്രധാനമന്ത്രി കുറ്റപ്പെടുത്തിയത്. ഭൂമിയേറ്റെടുത്ത് തന്നാൽ പദ്ധതിക്ക് സഹായം നൽകാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.