കേരള സംഘം മോദിയെ കണ്ടു: പ്രധാനമന്ത്രി നിരാശപ്പെടുത്തിയെന്ന് മുഖ്യമന്ത്രി ‍

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി . കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടക്കമുള്ള നേതാക്കൾ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ ഇളവുകൾ, കഞ്ചിക്കോട് കോച്ച് ഫാക്ടറി, മഴക്കാലകെടുതിയിൽ ധനസഹായം തുടങ്ങിയവയായിരുന്നു കേരളം മുന്നോട്ട് വച്ച പ്രശ്നങ്ങൾ. ഇതിൽ മഴക്കാലകെടുതികളിൽ ഒഴിച്ചു മറ്റു വിഷയങ്ങളിലൊന്നും അനുകൂല പ്രതികരണമോ ഉറപ്പോ ലഭിച്ചില്ലെന്നാണ് സൂചന.

ഭക്ഷ്യസുരക്ഷാ പദ്ധതിയിൽ കേരളത്തിന് പ്രത്യേകമായി ഒരിളവും നൽകാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കമാലി-ശബരി റെയിൽവേ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ മന്ത്രാലയവുമായി സംസാരിക്കാൻ അവസരമൊരുക്കാം എന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. കസ്തൂരിരം​ഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം പെട്ടെന്ന് പുറപ്പെടുവിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് മറ്റു സംസ്ഥാനങ്ങളേയും കൂടി ബാധിക്കുന്ന വിഷയമായതിനാൽ അവരോട് കൂടി ആലോചിച്ച് പെട്ടെന്ന് നടപടികൾ പൂർത്തിയാക്കാം എന്ന് പ്രധാനമന്ത്രി മറുപടി നൽകി.

കേരളം ഇപ്പോൾ നേരിടുന്ന മഴക്കാലകെടുതികളെക്കുറിച്ച് സർവകക്ഷി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. കേരളത്തിലെ കാലവർഷക്കെടുതികളെ കുറിച്ച് ദിവസവും റിപ്പോർട്ട് ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിയേയും സംഘത്തേയും അറിയിച്ചു. കോച്ച് ഫാക്ടറി അനുവദിച്ച് നൽകണമെന്ന് സംസ്ഥാന നേതാക്കൾ കാര്യമായി ആവശ്യപ്പെട്ടെങ്കിലും ഇൗ വിഷയത്തിലും അനുകൂല പ്രതികരണമൊന്നും പ്രധാനമന്ത്രിയിൽ നിന്നുണ്ടായില്ല എന്നാണ് സൂചന.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നും കേരളം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാൽ എച്ച്.എം.ടിയെ വാങ്ങാനുള്ള ലേലത്തിൽ കേരളത്തിനും പങ്കെടുക്കാമല്ലോ എന്ന ചോദ്യമാണ് പ്രധാനമന്ത്രിയിൽ നിന്നുണ്ടായത്. കോഴിക്കോട് വിമാനത്താവളം നേരിടുന്ന പ്രശ്നങ്ങളും സർവകക്ഷി സംഘം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അതിലും പ്രതീക്ഷ നൽകുന്ന മറുപടിയൊന്നും പ്രധാനമന്ത്രിയിൽ നിന്നും ലഭിച്ചില്ല.

കൂടിക്കാഴ്ച്ച കൊണ്ട് കാര്യമൊന്നുമുണ്ടായില്ല എന്ന സൂചനയാണ് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചത്. മോദി പാടെ നിരാശപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എച്ച്.എം.ടി വിഷയത്തിൽ സ്വകാര്യ കമ്പനികൾക്കൊപ്പം കേരളവും ലേലത്തിൽ പങ്കെടുക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തേയും ചെന്നിത്തല വിമർശിച്ചു.