അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പൊലീസിന് വീഴ്ച്ച പറ്റിയതായി എസ്.പിയുടെ റിപ്പോർട്ട്

കൊല്ലം: അഞ്ചലിൽ അന്യസംസ്ഥാന തൊഴിലാളിയെ കോഴി മോഷ്ടാവെന്നാരോപിച്ച് മർ​ദ്ദിച്ചു കൊന്ന കേസിൽ ലോക്കൽ പൊലീസിന് വീഴ്ച്ച സംഭവിച്ചതായി കൊല്ലം എസ്.പിയുടെ റിപ്പോർട്ട്. കൊലപ്പെട്ട മണിക് റോയിക്ക് മർദ്ദനമേൽക്കുന്നത് ജൂൺ 24-ന് വൈകിട്ട് അഞ്ച് മണിക്കാണ്. എന്നാൽ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. ഏഴ് മണിക്കൂർ കഴിഞ്ഞ് രാത്രി 12 മണിക്കും.

കേസിൽ രണ്ടാം പ്രതിയായ അൻവർ എന്നയാൾ ബൈക്കിൽ സംഭവസ്ഥലത്ത് എത്തിയതായി മണിക് റോയിയുടെ മൊഴിയിൽ പറയുന്നുണ്ടെങ്കിലും ഇൗ ബൈക്ക് ഇതുവരെ കണ്ടെത്താനോ കസ്റ്റഡിയിലെടുക്കാനോ പൊലീസിന് സാധിച്ചില്ലെന്നും എസ്.പിയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം മണിക് റോയി കോഴി വാങ്ങിയ കടയുടെ ഉടമയുടെ മൊഴി പ്രകാരം നിലവിലുള്ള രണ്ട് പ്രതികളെ കൂടാതെ വേറെയും ചിലർ മണിക് റോയിയെ മർദ്ദിച്ചിട്ടുണ്ട്. എന്നാൽ ഇവരെയൊന്നും തിരിച്ചറിയാനോ അറസ്റ്റ് ചെയ്യാനോ പൊലീസിനായില്ലെന്നും എസ്.പിയുടെ റിപ്പോർട്ടിൽ‌ ചൂണ്ടിക്കാട്ടുന്നു.

കേസ് അന്വേഷിക്കുന്നതിൽ ലോക്കൽ പോലീസിന് വീഴ്ച്ച സംഭവിച്ചെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ നേരത്തെ മാറ്റിയിരുന്നു. പുനലൂർ ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണ ചുമതല.