തരൂരിന്‍റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ലോക്സഭയിൽ ബഹളം

ഡൽഹി: കോൺഗ്രസ് എംപിയായ ശശി തരൂരിന്‍റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ലോക്സഭയിൽ ബഹളം. പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ചയാണ് യുവമോർച്ച പ്രവർത്തകർ തരൂരിന്‍റെ തിരുവനന്തപുരത്തെ ഓഫീസ് ആക്രമിക്കുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തത്.

തരൂരിന്‍റെ ഹിന്ദു പാക്കിസ്ഥാൻ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു യുവമോർച്ച പ്രവർത്തകർ ഓഫീസിലേക്ക് മാർച്ച് നടത്തുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തത്. ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരിക്കൽ കൂടി അധികാരത്തിലെത്തിയാൽ ഇന്ത്യയെ അവർ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്‍റെ വിവാദ പരാമർശം.

തരൂരിന്‍റെ വാക്കുകളെ ബിജെപി നേതാക്കൾ രൂക്ഷമായി വിമർശിച്ചിരുന്നു. വാക്കുകൾ പ്രയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡും അദ്ദേഹത്തിന് നിർദേശം നൽകിയിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള കേരളത്തിലെ കോൺ‌ഗ്രസ് നേതാക്കൾ ഒന്നടങ്കം തരൂരിന് പിന്തുണ പ്രഖ്യാപിക്കുകയാണുണ്ടായത്.

ഹൈക്കമാഡിന്‍റെ മുന്നറിയിപ്പിനു ശേഷവും ഒന്നിലേറത്തവണ പ്രസ്താവന ആവർത്തിച്ച തരൂർ പറഞ്ഞത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.