അഭിമന്യു വധം: മുഹമ്മദിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ മുഹമ്മദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പോലീസ്. ചുവരെഴുത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുഹമ്മദ് വ്യക്തമാക്കിയെന്നാണ് പോലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

ചുവരെഴുതാനായെത്തിയ എസ്.ഡി.പി.ഐ പ്രവർത്തകരെ എസ്.എഫ്.ഐക്കാർ തടഞ്ഞതാണ് സംഘർഷമുണ്ടാകാൻ കാരണമെന്നും തർക്കമുണ്ടായപ്പോൾ കൊച്ചിൻ ഹൗസിൽ തമ്പടിച്ചിരുന്ന സംഘാംഗങ്ങളെ കോളജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നും മുഹമ്മദ് പറഞ്ഞെന്നാണ് വിവരം.

എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്ന് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നിന്ന് നിർദേശം ലഭിച്ചിരുന്നുവെന്നും മുഹമ്മദ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ആരാണ് നിർദേശം നൽകിയത് എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.