അഭിമന്യു വധം; മുഖ്യപ്രതി മുഹമ്മദ് പിടിയില്‍

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍കൂടി പിടിയില്‍. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദ് ആണ് പിടിയിലായത്.

കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളേജിന് മുന്നിലേക്ക് വിളിച്ചു വരുത്തിയതും മുഹമ്മദാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. അഭിമന്യു വധത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ ഒന്നാം പ്രതിയാണ് ഇയാള്‍.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് എന്നാണ് സൂചന. കൊലപാതകശേഷം കണ്ണൂരിലേക്ക് രക്ഷപ്പെട്ട ഇയാള്‍ ഇവിടെ നിന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിതാവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി അവിടെ നിന്നും തിരിച്ച് പഴയ ഒളിതാവളത്തിലെത്തിയപ്പോള്‍ ആണ് ഇയാള്‍ പിടിയിലായത്.

മുഹമ്മദിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്ത തലശ്ശേരി സ്വദേശിയായ ഒരാള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിന് ശേഷമുള്ള 11 ദിവസവും ഇയാള്‍ ഒളിവില്‍ കഴിഞ്ഞത് എസ്ഡിപിഐ നേതൃത്വത്തിന്‍റെ പിന്തുണയോടെയാണെന്ന് വ്യക്തമായിട്ടുണ്ട്.