ഓര്‍ത്തഡോക്സ് സഭയിലെ പീഡനക്കേസ്; വ്യാഴാഴ്ച വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി. വ്യാഴാഴ്ച വരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.

ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസും രണ്ടാം പ്രതി ജെയിംസ് കെ. ജോര്‍ജും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഈ വിധിയോട് സംസ്ഥാന സര്‍ക്കാരും യോജിച്ചിട്ടുണ്ട്. മറ്റന്നാള്‍ കേസ് പരിഗണിച്ച ശേഷമേ മറ്റ് നടപടികളിലേക്ക് കടക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

37-ാമത്തെ കേസായാണ് വൈദികരുടെ പീഡനക്കേസ് കോടതിയില്‍ എത്തിയത്. എന്നാല്‍, സമയകുറവ് പരിഗണിച്ച് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു വൈദികര്‍ക്ക് ഉണ്ടായിരുന്നതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് വൈദികരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.