ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ നിയമനിര്‍മാണം വേണമെന്ന് സുപ്രീം കോടതി. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുതെന്നും ഇത്തരം അക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി പറഞ്ഞു. പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളില്‍ വിധി പറയുമ്പോഴാണ് കോടതി ഇപ്രകാരം പറഞ്ഞത്.

രാജ്യത്ത് വിപത്തായി മാറിയ പശുസംരക്ഷണ ആൾക്കൂട്ട ആക്രമണങ്ങളെ നിശിതമായി വിമർശിച്ച സുപ്രീംകോടതി. പശുവിന്റെ പേരിൽ നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത ആക്രമണങ്ങളാണ്. അത് തടയണം. ഇതിനായി നിയമം വേണം. ക്രമസമാധാനം സംരക്ഷിക്കേണ്ടതു സർക്കാരാണ്. ജനാധിപത്യത്തിൽ ആൾക്കൂട്ടനിയമം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആക്രമണങ്ങള്‍ തടയാന്‍ കോടതി വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.

ഇത്തരം അക്രമങ്ങള്‍ കുറ്റകൃത്യമാണ്. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. ക്രമസമാധാന പ്രശ്‌നം സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് പുതിയ നിയമം നിര്‍മിക്കുന്നതിന് സംസ്ഥാനസര്‍ക്കാരുകള്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.