രാമക്ഷേത്ര നിര്‍മാണം: അമിത് ഷാ ഒന്നും പറഞ്ഞിട്ടില്ലെന്ന് ബിജെപി

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞതായുള്ള വാർത്തകൾ നിഷേധിച്ച് പാർട്ടി നേതൃത്വം. ബി​ജെ​പി ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പെരള ശേ​ഖ​ർ​ജി​യുടെ വാക്കുകളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത പൂർണമായും തെറ്റാണെന്ന് ബിജെപി ഹൈദരാബാദ് ഘടകം വ്യക്തമാക്കി. തെലങ്കാനയിൽ നടന്ന ചടങ്ങിൽ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ഒരു കാര്യവും ഷാ പരാമർശിച്ചില്ലെന്നാണ് ബിജെപി നേതൃത്വം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

രാമക്ഷത്രം നിർമിക്കാൻ ബിജെപി പ്രജ്ഞാബദ്ധമാണെന്നും എന്നാൽ കോടതി പരിഗണനയിലുള്ള വിഷയമായതിനാൽ ഇപ്പോൾ ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതെന്നും പാർട്ടി നേതൃത്വം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ കാര്യങ്ങളിൽ തീരുമാനമാവുകയും മറ്റ് നിരവധി സാഹചര്യങ്ങൾ അനുകൂലമാവുകയും ചെയ്താൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഷാ പറഞ്ഞത്. ഇതിനെയാണ് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടി.