ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അമിത് ഷാ

ഡൽഹി: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, രാമക്ഷേത്രനിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തിരഞ്ഞെടുപ്പിനു മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഏകദിന സന്ദര്‍ശനത്തിനായി അമിത് ഷാ ഹൈദരാബാദിലെത്തിയത്. സംസ്ഥാനത്ത് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ ആവശ്യമായ തന്ത്രങ്ങള്‍ രൂപവത്കരിക്കാനും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ. എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു.