കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി

ഡൽഹി: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചു. ജൂലൈ 19 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചിരുന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി, കേരളത്തിന്റെ റേഷന്‍ വിഹിതം വെട്ടിക്കുറച്ച സംഭവം എന്നീ വിഷയങ്ങളാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക.

സന്ദര്‍ശനാനുമതി നിഷേധിക്കുന്നതില്‍ അടുത്തിടെ മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രിയെ പലവട്ടം കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും സംസ്ഥാനസര്‍ക്കാരിനോടുള്ള കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ പിന്തുണ വേണ്ടവിധത്തില്‍ ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.