ഡൽഹി: ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജലിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. മാലിന്യ സംസ്കരണം പ്രാദേശിക ഭരണകൂടത്തിന്റെ ചുമതലയാണെന്ന ഗവർണറുടെ പരാമർശത്തിനെതിരെയാണ് കോടതിയുടെ വിമർശനം.
നിങ്ങൾ പറയുന്നു, നിങ്ങൾക്കാണ് അധികാരമെന്ന്. നിങ്ങൾ സൂപ്പർമാനാണെന്നും പറയുന്നു. എന്നാൽ നിങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. മുനിസിപ്പൽ കോർപ്പറേഷന്റെ അധികാരം ഗവർണറുടെ ഓഫീസിനാണ്. എന്നാൽ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ ഗവർണർക്ക് വീഴ്ച സംഭവിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ഡൽഹിയിലെ ശുചീകരണത്തിനുവേണ്ടി നടന്ന യോഗങ്ങളിൽ ഗവർണറുടെ ഓഫീസിൽനിന്നു ആരും പങ്കെടുത്തിരുന്നില്ല. ഇക്കാര്യം അമിക്കസ് ക്യൂറി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഡൽഹിയിലെ മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനോ ഡൽഹി സർക്കാരിനോ എന്ന ചോദ്യത്തിനാണ് പ്രാദേശിക ഭരണകുടങ്ങൾക്കാണെന്ന് ഗവർണർ മറുപടി നൽകിയത്. ഇതിന്റെ മേൽനോട്ട ചുമതലമാത്രമാണ് തനിക്കുള്ളതെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.