എ.ഡി.ജി.പിയുടെ മകള്‍ക്ക് എതിരായ കേസ് റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ചുവെന്ന പരാതിയില്‍ എ.ഡി.ജി.പി സുദേഷ് കുമാറിന്റെ മകള്‍ സ്നിക്തക്കെതിരെ ഫയല്‍ ചെയ്ത കേസ് റദ്ദാക്കേണ്ട സാഹചര്യം എന്തെന്ന് ഹൈക്കോടതി. പോലീസ് അന്വേഷിച്ച് വസ്തുത കണ്ടത്തട്ടേയെന്നും കോടതി വ്യക്തമാക്കി. സ്നിക്തയുടെ ഹര്‍ജി ഗവാസ്‌കറുടെ ഹര്‍ജിക്കൊപ്പം കേള്‍ക്കാനായി ഏത് ബഞ്ച് വേണമെന്ന് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു.

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ താന്‍ മര്‍ദിച്ചുവെന്ന വാദം കളവാണെന്നും ഈ കേസ് റദ്ദാക്കണമെന്നുമാണ് സ്നിക്ത കോടതിയില്‍ ആവശ്യപ്പെട്ടത്. വൈദ്യപരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വ്യക്തമാക്കി.

ഈ നിലപാടല്ല സര്‍ക്കാരിന് ഗവാസ്‌കറുടെ കേസിലുള്ളതെന്ന് സ്നിക്തയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒരേ സംഭവത്തിലെ രണ്ട് കേസില്‍ എങ്ങനെ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്നും അഭിഭാഷകന്‍ ചോദിച്ചു. എന്നാല്‍ രണ്ട് ഹര്‍ജികളും ഒന്നിച്ച് കേള്‍ക്കട്ടെയെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണ് ഇരു കേസുകളും ഒന്നിച്ച് പരിഗണിക്കട്ടേയെന്ന് ഹൈക്കോടതി തീരുമാനിച്ചത്. ഏത് ബെഞ്ച് വേണമെന്ന കാര്യം ചീഫ് ജസ്റ്റിസ് തീരുമാനിക്കും