കനത്ത മഴയിലും മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ മരിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ തുടരുന്ന കനത്ത മഴയില്‍ മൂന്നിടത്തായുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മണിപ്പൂരിലെ തമേങ്‌ലോങ് ജില്ലയിലാണ് അപകടമുണ്ടായത്.

രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ഏഴ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയ്ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ഊര്‍ജിത ശ്രമവും നടക്കുന്നുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. ഒമ്പത് പേരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിച്ചിട്ടുണ്ട്. ഇനി രണ്ട് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്താനുള്ളതെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.