യുവാവിന്റെ സെല്‍ഫി ഭ്രാന്ത്; നഷ്ടപ്പെട്ടത് മൂന്ന് ജീവനുകള്‍

രാജസ്ഥാന്‍: യുവാവിന്റെ സെല്‍ഫി ഭ്രമത്തിനിടെ നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകള്‍. ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് മൂന്നുപേര്‍ റോഡില്‍ ജീവനുവേണ്ടി നിലവിളിക്കുമ്പോഴും സെല്‍ഫിയെടുക്കുന്നതിന്റേയും വീഡിയോ ഷൂട്ട് ചെയ്യുന്നതിന്റേയും തിരക്കിലായിരുന്നു യുവാവ്. എന്നെ രക്ഷിക്കൂ എന്ന് പരിക്കേറ്റ ഒരാള്‍ വിളിച്ചു പറയുമ്പോഴും ആ വീഡിയോ ഷൂട്ട് പൂര്‍ത്തിയായിരുന്നില്ല.

രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. മൂന്ന് പേര്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒരാള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ടുപേര്‍ ചോരയില്‍ കുളിച്ച നിലയില്‍ റോഡില്‍ കിടന്നു. ഇതിനിടെയാണ് വഴിപോക്കരിലൊരാള്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കുകയും വീഡിയോ എടുക്കുകയു ചെയ്തത്. അതിനിടെ രണ്ടുപേരും മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സംഭവ സ്ഥലത്തുനിന്ന് പകര്‍ത്തിയ സെല്‍ഫി ഇയാള്‍ തന്നെ പ്രചരിപ്പിച്ചതോടെ വലിയ പ്രതിഷേധവും നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.