സ്വവർഗരതി വിഷയത്തിൽ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് കേന്ദ്ര സർക്കാർ

ഡൽഹി: സ്വവർഗരതി നിയമവിധേയമാക്കുന്ന വിഷയത്തിൽ സുപ്രീംകോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന നിർണായക നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്ത്. സ്വർഗരതി നിയമവിധേയമാക്കണമെന്ന ഹർജിയിൽ ഭരണഘടന ബെഞ്ച് വാദം കേൾക്കുന്നതിനിടെ അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട് അറിയിച്ചത്. ഹർജിയിൽ ഇത് രണ്ടാം ദിവസമാണ് വാദം നടക്കുന്നത്.

രാജ്യത്ത് 150 വർഷമായി സ്വവർഗരതി ക്രിമിനൽ കുറ്റമായാണ് കണക്കാക്കിയിരുന്നത്. പുതിയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് പ്രത്യേകമായി ഒന്നും പറയാനില്ല. സ്വവർഗരതി ക്രിമിനൽ കുറ്റമായി കാണുന്ന 377-ാം വകുപ്പിൽ കോടതിക്ക് ഉചിതമായ തിരുത്തലുകൾ വരുത്താമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

ഹർജിക്കാരുടെ വാദം ചൊവ്വാഴ്ച കേട്ടപ്പോൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇഷ്ടമുള്ള പങ്കാളിയെ പൗരന് സ്വീകരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഹാദിയ കേസിന്‍റെ വിധി പ്രസ്താവത്തിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണെന്നും ഭരണഘടന ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹർജിയിൽ ഇന്ന് കേന്ദ്ര സർക്കാരിന്‍റെ വാദമാണ് കോടതി കേട്ടത്.