റിമയും ഗീതു മോഹൻദാസും അമ്മയിൽ നിന്ന് രാജിവച്ചിട്ടില്ല: ഇടവേള ബാബു

കൊ​ച്ചി: ദിലീപിനെ തിരിച്ചെടുത്ത വിഷയവുമായി ബന്ധപ്പെട്ട് നാല് നടിമാർ താരസംഘടനയായ അമ്മയിൽ നിന്നും രാജിവച്ചുവെന്ന വാർത്തകൾ തള്ളി ഇടവേള ബാബുവും രംഗത്ത്. വിവാദത്തിൽ പ്രതിഷേധിച്ച് നടിമാരായ ഭാവനയും രമ്യാ നന്പീശനും മാത്രമാണ് അമ്മയിൽ നിന്നും രാജിവച്ചതെന്ന് അമ്മ പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇടവേള ബാബുവും ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവരുടെ രാജിക്കത്ത് ഇതുവരെ അമ്മയ്ക്ക് ലഭിച്ചിട്ടില്ലെന്നും രാജി പ്രഖ്യാപിച്ചതല്ലാതെ ഒരുകാര്യവും അവർ അമ്മയുടെ നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ഭാവനയുടെയും രമ്യാ നന്പീശന്‍റെയും രാജിക്കത്ത് ഇ മെയിൽ വഴി ലഭിച്ചുവെന്നും അമ്മ നേതൃത്വം സ്ഥിരീകരിക്കുന്നുണ്ട്.

ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിൽ നാല് നടിമാർ അമ്മയിൽ നിന്നും രാജിവച്ചുവെന്നും കൂടുതൽ നടിമാർ രാജിവയ്ക്കുമെന്നുമാണ് ഡബ്ല്യൂസിസി അറിയിച്ചിരുന്നത്. ദിലീപ് വിഷയത്തിൽ നടിമാർക്ക് പൊതുസമൂഹത്തിന്‍റെ ശക്തമായ പിന്തുണ ലഭിക്കുകയായും ചെയ്തിരുന്നു. രണ്ടു പേർ മാത്രമാണ് രാജിവച്ചതെന്ന അമ്മയുടെ വെളിപ്പെടുത്തലിനോട് ഡബ്ല്യൂസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിലീപ് വിഷയത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ താരസംഘടനയുടെ അവയ്‌ലബിൽ എക്സിക്യൂട്ടീവ് യോഗം തിങ്കളാഴ്ച കൊച്ചിയിൽ ചേർന്നിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ എന്ന് യോഗം ചേരണമെന്ന വിഷയമാണ് തിങ്കളാഴ്ച പരിഗണിച്ചത്. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ സന്പൂർണ എക്സിക്യൂട്ടീവ് ചേരാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്. ശേഷം അമ്മയുടെ പ്രസിഡന്‍റ് മോഹൻലാൽ മാധ്യമപ്രവർത്തകരെ കണ്ട് വിമർശനങ്ങൾക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.