ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതിയുടെ നിരീക്ഷണം.

സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം പരമാര്‍ശിച്ചത്. എത്ര നല്‍കണം എങ്ങനെ നല്‍കണം എന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, വിരമിച്ച എസ്.പിമാരായ കെ.കെ. ജോഷ്വാ, എസ്. വിജയന്‍ എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്.

ഈ ആവശ്യം നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് നമ്പി നാരയണന്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൂടാതെ കേസിലെ ഗൂഢാലോചന സംബന്ധിച്ച് പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

നഷ്ടപരിഹാരവും അന്വേഷണവും ഒന്നിച്ചു വേണമോ എന്ന് ആലോചിക്കുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഇത് കോടതിയുടെ അന്തിമ ഉത്തരവല്ല, വാക്കാലുള്ള പരാമര്‍ശമാണ്.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതില്‍ വാദം കേള്‍ക്കുന്നതിടെയാണ് ജഡ്ജമാരുടെ നിരീക്ഷണം.

അതേസമയം കേസ് സംബന്ധിച്ച ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സി.ബി.ഐ, കോടതിയെ അറിയിച്ചു. കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെങ്കില്‍ അതിനും സി.ബി.ഐ തയ്യാറാണ്. സി.ബി.ഐക്ക് യാതൊന്നും മറയ്ക്കാനില്ലെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.