അഭിമന്യുവിന്‍റെ കൊലപാതകം: പൊലീസ് തിരയുന്നവരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവിന്‍റെ കൊലപാതകക്കേസിൽ പൊലീസ് തിരയുന്നവരിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന. ബെംഗലൂരു വിമാനത്താവളം വഴി രക്ഷപെട്ട ഇയാളെക്കുറിച്ച് കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, കേസിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അഭിമന്യു കൊലപാതകക്കേസിലെ പ്രതികൾക്കായി പൊലീസ് നാടൊട്ടുക്കും പരക്കം പായുന്നതിനിടെയാണ് ഒരു പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ചത്. മൂന്നു ദിവസം മുമ്പ് ബെംഗലൂരു വിമാനത്താവളത്തിൽ നിന്നാണ് ദുബായിലേക്കാണ് പ്രതി കടന്നതായാണ് വിവരം. ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യത്തിൽ ഉൾപ്പെട്ട 12 പേരുടെ വിവരങ്ങൾ കൊച്ചിയും മംഗലാപരുവും ബംഗലൂരുവും അടക്കമുളള വിമാനത്താവളങ്ങൾക്ക് നൽകിയിരിരുന്നു.

വിദേശത്തേക്ക് കടക്കാൻ എത്തിയാൽ പിടികൂടണമെന്ന നി‍ർദേശത്തിനിടെയാണ് ഒരാൾ രക്ഷപെട്ടത്. എന്നാൽ വിദേശത്തേക്ക് കടന്നയാളുടെ പാസ്പോർട് വിവരങ്ങൾ പൊലീസിന്‍റെ പക്കൽ ഇല്ലായിരുന്നെന്നാണ് വിവരം. അതിനാൽത്തന്നെ വിമാനത്താവള അധികൃതർക്കും തിരിച്ചറിയായില്ലെന്നാണ് അനൗദ്യോഗിക വിശദീകരണം.

എന്നാൽ പ്രതികളിൽ ചിലർ വിദേശത്തേക്ക് രക്ഷപെട്ടു എന്നത് സംശയം മാത്രമാണെന്നും പരിശോധിക്കുന്നുണ്ടെന്നുമാണ് കൊച്ചി സിറ്റി പൊലീസിന്‍റെ വിശദീകരണം. വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന. ഒരാഴ്ചക്കുളളിൽ കൊലയാളിയെ അടക്കം പിടികൂടുമെന്നുമാണ് പൊലീസ് നിലപാട്.