സുനന്ദ പുഷ്‌കറിന്റെ മരണം; ശശി തരൂരിന് സ്ഥിരം ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭർത്താവും എംപിയുമായ ശശി തരൂരിന് കോടതി സ്ഥിരം ജാമ്യം അനുവദിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയാണു ജാമ്യം അനുവദിച്ചത്.

അതേസമയം, കേസിൽ കക്ഷി ചേരാൻ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി അനുമതി തേടി. അപേക്ഷയെ ശശി തരൂരും ഡൽഹി പൊലീസും എതിർത്തു. കേസ് പരിഗണിക്കുന്നത് ഈമാസം 26ലേക്ക് മാറ്റി.2014 ജനുവരി 17 ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീക്കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. തുടര്‍ന്ന് തരൂരിനോട് ഈ മാസം ഏഴിന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു.