സുവര്‍ണപാദുകത്തിന് മുന്നില്‍ കെയിന്‍, ഇന്നടിക്കുന്ന ഗോള്‍ നിര്‍ണായകം

മോസ്‌കോ: ഇന്ന് കൊളംബിയക്കെതിരെ രണ്ട് ഗോള്‍ ഹാരി കെയിന്‍ അടിച്ചാല്‍ ഇംഗ്ലണ്ട് താരത്തിന് അഡിഡാസ് ഗോള്‍ഡന്‍ ബൂട്ടിനുള്ള സാദ്ധ്യത കൂടും. ഇപ്പോള്‍ റഷ്യന്‍ കപ്പില്‍ അഞ്ചു ഗോളുമായി കെയിനാണ് കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരന്‍. അഡിഡാസ് ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കിട്ടുന്നത് ‘ ഗംഭീരമായിരിക്കും എന്നായിരുന്നു കെയിനിന്റെ പ്രതികരണം. ഞങ്ങളുടെ മെസ്സി, ഞങ്ങളുടെ റൊണാള്‍ഡോ എന്നിങ്ങനെയാണ് മുന്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ജാമി റെഡ്ക്ണാപ്പ് കെയിനെ വിശേഷിപ്പിച്ചത്. രണ്ട് കളിയില്‍ നിന്നാണ് കെയിന്‍ അഞ്ചുഗോളടിച്ചത് എന്നതും ശ്രദ്ധേയം.
ഗോള്‍ഡന്‍ ബൂട്ട് നേടിയ ഫുട്ബാള്‍ ഇതിഹാസങ്ങളായ യൂസെബിയോ, റൊണാള്‍ഡോ, ഇംഗ്ലണ്ടിന്റെ തന്നെ ഗാരി ലിനേക്കര്‍ എന്നിവരുടെ ശ്രേണിയിലേക്കാണ് കെയിന്‍ ഉയരുന്നത്.
കൊളംബിയക്കെതിരെ കെയിന്‍ കുതിരപോലെ കുതിക്കുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കെയിനിനെപ്പോലെ ഇംഗ്ലണ്ട് നിരയില്‍ വേറെയും പടക്കുതിരകളുണ്ട്. റഡാമെല്‍, ഫാല്‍ക്കാവോ, ജെയിംസ് റോഡ്രിഗ്‌സ് എന്നിവര്‍. ഇവരുമെല്ലാമൊത്ത് ആക്രമണോത്സുക കളിയായിരിക്കും കളിക്കുക എന്ന് കെയിന്‍ പറഞ്ഞിട്ടുണ്ട്.