12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയിട്ട് എട്ട് ദിവസം; പ്രാര്‍ത്ഥനയിൽ മുഴുകി തായ്‌ലന്‍ഡ്.

ബാങ്കോക്ക്: വടക്ക് തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയിലുള്ള താം ലുവാങ്ങ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും കുടുങ്ങിയിട്ട് ഇന്ന് എട്ട് ദിവസം. കാണാതായവര്‍ അപകടമൊന്നും കൂടാതെ തിരിച്ചെത്താനുള്ള പ്രാര്‍ത്ഥനയിലാണ് തായ്‌ലാന്‍ഡിനൊപ്പം ലോകം മുഴുവനും.

കനത്ത മഴയെത്തുടര്‍ന്ന് ഗുഹയുടെ കവാടം അടഞ്ഞതോടെയാണ് ഫുട്‌ബോള്‍ താരങ്ങളായ കുട്ടികളും കോട്ടും ഗുഹയില്‍ കുടുങ്ങിയിരിക്കുന്നത്. പത്ത് കിലോമീറ്ററോളെ നീളമുള്ള ഗുഹയില്‍ ഏത് ഭാഗത്താണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത് എന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല.

ഒരാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ പ്രതീക്ഷയ്ക്കുതകുന്ന യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഗുഹാമുഖം പൂര്‍ണ്ണമായി അടഞ്ഞുപോയതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്‌കരമാവുകയാണ്. നേവി ഡൈവര്‍മാര്‍, യുഎസ് സൈനിക സംഘം, ബ്രിട്ടനില്‍ നിന്നുള്ള ഗുഹാ വിദഗ്ധര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഗുഹ തുരക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. ഗുഹയില്‍ നിന്ന് വെള്ളം പുറത്തുകളയാനുള്ള ശ്രമങ്ങളും നടക്കുകയാണ്. ഗുഹയ്ക്കുള്ളിലേക്ക് പ്രകാശമെത്തുന്ന ഭാഗം കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

ഗുഹയില്‍ വിടവുകള്‍ കാണുന്ന ഭാഗത്തുകൂടെ രക്ഷാപ്രവര്‍ത്തകര്‍ ഭക്ഷണം, കുടിവെള്ളം, ഫോണ്‍, ടോര്‍ച്ച്, മെഴുകുതിരി, ലൈറ്റര്‍, ഗുഹയുടെ ഭൂപടം എന്നിവയടങ്ങുന്ന കിറ്റുകള്‍ ഇടുന്നുണ്ട്. എന്നാല്‍ ഇതുവരെ യാതൊരുവിധത്തിലുള്ള പ്രതികരണങ്ങളും ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി മുങ്ങല്‍ വിദഗ്ധ റോബോട്ടുകളും ഹെലികോപ്റ്ററുകളും സ്ഥലത്ത് സജ്ജമാണ്.