ഡിജിറ്റൽ ഹബ്ബിന് ടെക്‌നോസിറ്റിയില്‍ 70 ഏക്കര്‍ ഭൂമി, നിസാന്‍, റെനോള്‍ട്ട്, മിറ്റ്‌സുബിഷി തുടങ്ങിയവയ്ക്ക് ഇലക്ട്രിക്, ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ

തിരുവന്തപുരം : 26 ജൂൺ, 2018 : ബഹുരാഷ്ട്ര കമ്പനിയായ നിസാൻന്റെ ഡിജിറ്റൽ കേന്ദ്രത്തിനുവേണ്ടി സ്ഥലം അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്നോസിറ്റിയിലാണ് ആദ്യ ഘട്ടത്തിൽ 30 ഏക്കറും, രണ്ടാം ഘട്ടത്തിൽ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാൻ നിസാന് അനുവാദം നൽകിയിട്ടുള്ളത്.
ഇലക്ട്രിക്, ഓട്ടോമേറ്റഡ്‌ വാഹനങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണവും, സാങ്കേതിക വികസനവുമാണ് നിസാൻ ഡിജിറ്റൽ ഹബ്ബിൽ നടക്കുക. നിസാൻ, റെനോൾട്ട്, മിറ്റ്സുബിഷി തുടങ്ങിയ വാഹനനിർമ്മാണ കമ്പനികൾക്കുവേണ്ടിയാണു ഫ്രാങ്കോ-ജപ്പാൻ സഹകരണ സംരഭമായ നിസാൻ ഡിജിറ്റൽ ഹബ്ബ് തിരുവനന്തപുരത്ത് പ്രവത്തനം ആരംഭിക്കുന്നത്. ടെക്നോപാർക്ക് മൂന്നാംഘട്ടത്തിലെ ഗംഗ- യമുനാ കെട്ടിട സമുച്ചയത്തില്‍, 25,000 ചതുരശ്ര അടി ഏറ്റെടുത്ത് ഉടൻ പ്രവർത്തനം ആരംഭിക്കാനാണ് നിസാൻ ഉദ്ദേശിക്കുന്നത്. ടെക്നോസിറ്റിയിലെ ഐ. ടി. കെട്ടിട സമുച്ചയം പൂർത്തിയാകുമ്പോൾ അവിടെയും സ്ഥലം അനുവദിക്കും. സ്വന്തം കാമ്പസിന്റെ പണി പൂർത്തിയായി പ്രവർത്തനം ആരംഭിക്കുന്പോഴേക്കും 3000 പേർക്ക് നേരിട്ടുള്ള തൊഴിലും പതിന്മടങ്ങ് നേരിട്ടല്ലാതെയുള്ള തൊഴിൽ അവസരങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കൊഗ്‌നിറ്റിവ് അനലക്ടിസ്, മെഷീൻ ലേണിംഗ് സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ ഗവേഷണ വികസന പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ടെക്‌നോസിറ്റിയിൽ വിജ്ഞാനാധിഷ്ഠിതമായ സാങ്കേതിക വിദ്യാ മേഖലയക്കായി വിഭാവനം ചെയ്യപ്പെട്ട സ്ഥലം നിസാൻ നോളജ് സിറ്റി എന്ന പേരിലാകും അറിയപ്പെടുക.
സാങ്കേതിക വിദ്യാരംഗത്തെ ഏറ്റവും പുതിയ പ്രവണതകളുടെ സാങ്കേതമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി, ഐ.ടി. വകുപ്പ് വിഭാവനം ചെയ്ത നോളജ് സിറ്റി നിസാൻ ഡിജിറ്റൽ ഹബ്ബിന്റെ വരവോടെ യാഥാർഥ്യമാവുകയാണെന്ന് ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ പറഞ്ഞു. കൂടുതൽ ആഗോള കമ്പനികളുടെ കടന്നു വരവിന് ഇത് തുടക്കമാവും. ഈ മാസം അവസാനമോ ജൂലൈ ആദ്യ വാരമോ നിസാനുമായുള്ള ധാരണാ പത്രത്തിൽ ഒപ്പു വെക്കുമെന്നും ഋഷികേശ് നായർ അറിയിച്ചു.
ഐ. ടി. വിദക്ധരുടെ സാന്നിധ്യം, ചിലവ് കുറവും മികച്ച സാമൂഹിക നിലവാരമുള്ള ജീവിത സാഹചര്യങ്ങൾ, നഗര ഹൃദയത്തിൽ തന്നെയുള്ള എയർ പോർട്ട് കണക്ടിവിറ്റി, ട്രാഫിക് കുരിക്കില്ലാത്ത ഹരിത നഗരം, ഇവിടെനിന്നും വളർന്നു വിജയിച്ച കമ്പനികൾ നൽകുന്ന പോസിറ്റീവ് സന്ദേശങ്ങൾ, സർക്കാർ ഉദ്യഗസ്ഥ തലങ്ങളിൽ നിന്നുള്ള പിൻതുണ തുടങ്ങിയവയാണ് നിസാൻ ഡിജിറ്റൽ ഹബ്ബിനെ കേരള തലസ്ഥാനത്ത് എത്തിച്ചതെന്നു നിസാൻ അധികൃതർ അറിയിച്ചു. ആസ്ഥാനമായ ജപ്പാനിലെ യോക്കോഹാമ, ചൈന, പാരിസ്, അമേരിക്കയിലെ നാഷ്‌വിൽ തുടങ്ങിയ സ്ഥലങ്ങളിലാണ് നിസാന്റെ മറ്റു ഡിജിറ്റൽ ഹബ്ബുകൾ ഉള്ളത്.

നിസാൻ കേരളത്തിലേക്ക് വന്നത് ഇങ്ങനെ:

കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുക്ക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയ സമീപനങ്ങളാണ് നിസാൻ എന്ന ബഹുരാഷ്ട്ര കമ്പനിയെ കേരളത്തിലേക്ക് എത്തിച്ചത്. മുഖ്യ മന്ത്രി മുൻകൈയെടുത്ത് രൂപീകരിച്ച ഹൈ പവർ ഐ. ടി. കമ്മറ്റിയുടെ രൂപീകരണവും, അതിന്റെ തുടർച്ചയായ ശ്രമങ്ങളുമാണ് ഇപ്പോൾ ആദ്യ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇൻഫോസിസ് സഹ സ്ഥാപകരിൽ ഒരാളായ എസ്. ഡി. ഷിബുലാലിന്‍റെ നേതൃത്വത്തിൽ ഉന്നത ഐ. ടി. വിദഗദ്ധർ അടങ്ങിയ 12 അംഗ സംഗമാണ് ഹൈ പവർ ഐ. ടി. കമ്മറ്റിയിൽ ഉള്ളത്.

2017 ഏപ്രിലിൽ മുഖ്യ മന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശം അനുസരിച്ച് കൂടിയ ആദ്യ ഹൈ പവർ ഐ. ടി. കമ്മറ്റിയിൽ, അംഗങ്ങളായ ഐ. ടി. വിദഗദ്ധർ അവരുടെ വ്യക്തി പ്രഭാവവും, നെറ്റ്‌വർക്കും പരമാവധി ഉപയോഗപ്പെടുത്തി വലിയ ഐ. ടി. കമ്പനികളെയും നിക്ഷേപകരേയും ആകർഷിക്കുകയും സംസ്ഥാനത്തിലേക്ക് കൂടുതൽ തൊഴിലും വരുമാനവും എത്തിക്കുകയുമാണ്‌ കമ്മറ്റിയുടെ ഉദ്ദേശം എന്ന നയം വ്യക്തമാക്കുകയും ചെയ്തു. കമ്മിറ്റിയിൽ അംഗമായിരുന്ന ആന്റണി തോമസ് 2017 ൽ നിസാൻ മോട്ടോഴ്സിന്റെ ചീഫ് ഇൻഫോമേഷൻ ഓഫീസറായി ചുമതല ഏറ്റെടുത്തതാണ് കേരളത്തിലേക്ക് ഈ വികസനം എത്തിയതിൽ നിർണായകമായത്. സര്‍ക്കാരിന്‍റെ പൂര്‍ണ്ണപിന്തുണ ഉറപ്പാക്കിയുള്ള നിസാന്‍ കമ്പനിയുടെ ത്വരിതഗതിയിലുള്ള പ്രവര്‍ത്തനമാണ് പിന്നീട് ഉണ്ടായത്. മറ്റ് കമ്പനികൾക്ക് മാതൃകയാകാവുന്ന വേഗതയിൽ സര്‍ക്കാരും നിസാനും കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് നീക്കി. ആന്‍റണി തോമസിന്റെ ക്ഷണം സ്വീകരിച്ച് 2018 മാർച്ച് 18 ന് ഐ. ടി. സെക്രട്ടറി ശിവശങ്കർ ഐ. എ. എസ്സ് ഇന്നവേഷൻ സ്റ്റാറ്റർജി കൗൺസിൽ ചെയർമാൻ കെ. എം. എബ്രഹാം ഐ. എ. എസ്സ്, സംസ്ഥാന ഐ. ടി. പാർക്കുകളുടെ സി. ഇ. ഒ ഋഷികേശ് നായർ തുടങ്ങിയവർ ജപ്പാനിലെ യോക്കോഹാമയിലുള്ള നിസാൻ ഹെഡ് കോർട്ടേഴ്സ് സദർശിക്കുകയും കേരളത്തിൽ നിക്ഷേപം നടത്തിയാലുണ്ടാകുന്ന അനുകൂല ഘടകങ്ങളും, പ്രവർത്തന സാഹചര്യങ്ങളും കമ്പനിയുടെ ഉന്നത തല അധികാരികളെ ധരിപ്പിക്കുകയും അവരെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. തുടർന്ന് മാർച്ച് 25 ന് കമ്പനിയുടെ കോർപറേറ്റ് വൈസ് പ്രസിഡന്റിന്റെയും, ചീഫ് ഇൻഫോമേഷൻ ഓഫീസർ ആന്റണി തോമസിന്റെയും നേതൃത്വത്തിൽ അവരുടെ യു. എസ്സ്. മെക്‌സിക്കോ, പാരിസ്, ജപ്പാൻ പ്രതിനിധികൾ ഉൾപ്പെടെയുള്ള സംഘം തിരുവന്തപുരത്ത് എത്തി വിവിധ തലങ്ങളിലുള്ള ചര്‍ച്ചകളിൽ ഏർപ്പെട്ടു. തിരുവനതപുരം എം.പി. ശശി തരൂർ, കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം തുടങ്ങിയവരും, ടെക്നോപാർക്ക് കമ്പനികളുടെ മേധാവികളുമായുള്ള ചർച്ചകള്‍ കമ്പനിക്ക് പെട്ടെന്നുള്ള തീരുമാനമെടുക്കാൻ പ്രചോദനമായി.

മുഖ്യമന്ത്രി പിണറായി വിജയൻ കമ്പനി പ്രതിനിധികളുമായി നടത്തിയ ഉച്ചഭക്ഷണ മീറ്റിംഗിൽ സംസ്ഥാനത്തിന്റെ പൂർണ്ണ പിന്തുണ നിസാൻ ഡിജിറ്റൽ ഹബ്ബിനു ഉണ്ടായിരിക്കുമെന്നു അറിയിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി ഐ.എ.എസിന്‍റെ നിര്‍ദേശപ്രകാരം മുന്നോട്ടുള്ള നടത്തിപ്പിനായി ഐ. ടി. സെക്രട്ടറി ശിവശങ്കർ, കെ, എം, എബ്രഹാം, ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായർ തുടങ്ങിയവരടങ്ങിയ കേരള ഐ. ടി. പ്രതിനിധികളും, നിസാൻ സി. ഐ. ഒ ആന്റണി തോമസ് , ചീഫ് ഡിജിറ്റൽ ഓഫീസർ സ്വാമിനാഥൻ, ഇൻഫ്രാ സ്ട്രച്ചർ മേധാവി രാമനുണ്ണി നായർ തുടങ്ങിയ നിസാൻ പ്രധിനിധികളും അടങ്ങിയ കോർ ടീമിനെ തീരുമാനിക്കുകയും ചെയ്തു.

ഏപ്രിൽ 4 ന് നിസാൻ സംഘം ടെക്നോസിറ്റി സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഋഷികേശ് നായരുടെ നേതൃത്വത്തിൽ മറ്റു ഐ. ടി. കമ്പനികളുടെ മേധാവികളുമായി ചർച്ച നടത്തുകയും ചെയ്തു. അനുകൂല സാഹചര്യങ്ങളെല്ലാം ബോധ്യമായ കമ്പനി അധികൃതർ വ്യവസായം തുടങ്ങാനുള്ള തീരുമാനം ഉടനടി എടുക്കുകയായിരുന്നു

ടെക്നോളജി വ്യവസായത്തിന്റെ കേന്ദ്രമായ ജപ്പാനിൽ നിന്നുമുള്ള സംരംഭം കിഴക്കനേഷ്യൻ രാജ്യങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നിസാനും, റെനോൾട്ടും, മിറ്റ്സുബിഷിയും ചേർന്ന് 2022 ലേക്ക് 17 ഇലക്ട്രിക് കാറുകളുടെ മോഡൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്. 14 മില്യൺ ഡോളർ വാർഷിക വിൽപ്പനയാണ് ലക്ഷ്യം